Kerala
ആദ്യം ഐഫോണ്‍, പിന്നെ സ്വർണം; ജോലിക്കെത്തിയ ദിവസങ്ങളിൽ മോഷണം, കയ്യോടെ പൊക്കി വീട്ടുടമ
കാസര്‍കോട്: വീട്ടുജോലിക്കാരുടെ മോഷണം കയ്യോടെ പിടികൂടി വീട്ടുടമ. വീട്ടുജോലിക്കെത്തി മോഷണം നടത്തിയ യുവതികളെ വീട്ടില്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുബണൂരിലെ ബിസി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ സൈനുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഐഫോണ്‍, സ്വര്‍ണാഭരണം, സ്മാര്‍ട്ട് വാച്ച് എന്നിവയാണ് മോഷണം പോയത്. ആദ്യം ഐ ഫോണ്‍ പിന്നെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണവും സ്മാര്‍ട്ട് വാച്ചുമാണ് മോഷണം പോയത്. ആവശ്യാനുസരണം വീടുകളില്‍ ക്ലീനിങ്ങ് ജോലി ചെയ്യുന്നവരാണ് യുവതികള്‍. ഇവര്‍ ഒരുമാസം മുന്‍പാണ് സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിങ്ങിനായി എത്തുന്നത്. അന്നാണ് ആദ്യ മോഷണം നടന്നത്. അന്ന് ഐഫോണാണ് മോഷണം പോയത്. എന്നാല്‍ അത് മറ്റെവിടെയങ്കിലും വെച്ച് നഷ്ടപ്പെട്ടതാണെന്നായിരുന്നു കരുതിയത്. അതുകൊണ്ട് പരാതി നല്‍കിയില്ല.
പിന്നീട് കഴിഞ്ഞമാസം 24,25 തീയതികളിലാണ് ഇരുവരും ജോലിക്കെത്തിയത്. അന്നാണ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായത്. യുവതികള്‍ ജോലി കഴിഞ്ഞ് പോയതിന് പിന്നാലെയാണ് മോഷണം ഉണ്ടായതെന്ന് മനസിലായി തുടര്‍ന്ന് സൈനുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.