Kerala
മുഖ്യമന്ത്രി സിദ്ധരാമയ്യ വന്ന് ഷോ നടത്തി, രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ഒന്നര മണിക്കൂര്‍ : ലോറി ഉടമ മനാഫ്
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി അര്‍ജുനായി തിരച്ചില്‍ നടക്കുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷോ നടത്തി രക്ഷാപ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ തടസപ്പെടുത്തിയെന്ന് ലോറി ഉടമ മനാഫ്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മനാഫിന്റെ വാക്കുകള്‍
വെള്ളത്തില്‍ തിരച്ചിലിനായി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നാണ് അഭിപ്രായം. മറ്റ് ഭാഗത്താണ് തിരച്ചില്‍ നടത്തേണ്ടത്. മെഷിനറികളുടെ അഭാവം ഇപ്പോഴുമുണ്ട്. മൂന്നുദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവരെ അവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. രണ്ട് സംഘമായി രണ്ട് ഭാഗത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം വന്നിട്ട് ഷോ നടത്തി പോയി. ഒന്നരമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന നേതാക്കന്മാര്‍ക്ക് സ്വന്തം സഹോദരന് വേണ്ടിയുള്ള വേദന പറഞ്ഞാല്‍ മനസിലാവില്ല. അതിനെ മുതലെടുക്കുന്നവരെയാണ് ഇവിടെ കാണുന്നത്. അര്‍ജുന്റെ സ്ഥാനത്ത് ഉള്ളത് ഈ നേതാക്കന്മാരെന്ന് ചിന്തിച്ചാല്‍ മതി. ഇതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.