Kerala
ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; സര്‍വകലാശാലകളിലെ ഏകപക്ഷീയ സേര്‍ച്ച് കമ്മറ്റി രൂപീകരണതിന് സ്റ്റേ
വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടി. മൂന്ന് സര്‍വകലാശാലകളില്‍ വിസി നിയമനത്തിനായി ഏകപക്ഷീയമായി ഗവര്‍ണര്‍ നടത്തിയ സേര്‍ച്ച് കമ്മറ്റി രൂപീകരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കേരള, എംജി, മലയാളം സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപീകരണത്തിനാണ് ഇന്ന് സ്റ്റേ ഉത്തരവ് വന്നത്. ഇന്നലെ ഫിഷറീസ് സര്‍വകലാശാലയിലെ സേര്‍ച്ച് കമ്മിറ്റി രൂപീകരണവും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതോടെ നാലു സര്‍വകലാശാലകളിലെ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലക്ക് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളിലാണ് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയാണ് സേര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിസി ഡോ:സാജു പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാല്‍ സിപിഎം എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ടയില്‍ ഇത് പിന്‍വലിച്ചിരുന്നു.