Kerala
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. അടുത്തകാലത്തായി ഡൽഹിയിൽ കൂടുതൽ കേന്ദ്രീകരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ സീറ്റിനായി ചരടുവലി നടത്തുന്നെന്നാണ് റിപ്പോർട്ട്. അതിനിടെ രാജ്ഭവനിൽ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിച്ചതോടെയാണ് സെപ്റ്റംബർ വരെ കാലവധിയുള്ള ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവച്ച് ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായത്.
നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ലാണ് ഖാൻ ബി.ജെ.പിയിൽ ചേർന്നത്. 73 വയസുള്ള ആരിഫ് ഖാൻ ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യത. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22-ാം ഗവർണറായി 2019സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം.
ഇരുപത്താറാം വയസിൽ യുപി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയാണ്. ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ കോൺഗ്രസിനെ വെല്ലുവിളിച്ച് ജനതാദളിലൂടെ ബി.ജെ.പിയിൽ. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ സ്വതന്ത്രതാ പാർട്ടിയുടെ ബാനറിൽ യൂണിയൻ പ്രസിഡന്റായിരുന്നു. ആരിഫ്ഖാനിലെ തീപ്പൊരി കണ്ട ഇന്ദിരാഗാന്ധി കോൺഗ്രസിലെത്തിച്ച് എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയാക്കി. 1980ൽ കാൺപൂരിൽ നിന്ന് ലോക്സഭയിലേക്ക്. 1982ൽ കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി. യുപിയിലെ ബഹ്റൈച്ചിൽ നിന്ന് രണ്ടാം വട്ടം ലോക്സഭാംഗം. ഇന്ദിരയുടെ മരണ ശേഷം രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്നു.
ഷാബാനു കേസിൽ മുസ്ലിം വനിതകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയെ വിധിയെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ആദ്യം പിന്തുണയ്ക്കുകയും പിന്നീട് മുസ്ലിം വ്യക്തി നിയമബോർഡിന്റെ വാദങ്ങൾ കേട്ട് മലക്കം മറിയുകയും ചെയ്തു. സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ 1986ൽ മുസ്ളീം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നു. അതിൽ പ്രതിഷേധിച്ച ഖാൻ നിയമം പാസാക്കുന്നതിന് മുൻപ് ലോക്സഭയിലെ പിൻസീറ്റിൽ ചെന്നിരുന്ന് മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എഴുതി. കോൺഗ്രസ് വിട്ടു. കോൺഗ്രസ് വിട്ട ശേഷം വി.പി.സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലേക്ക്. വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായി. പിന്നീട് മായാവതിയുടെ ബി.എസ്.പിയിൽ. ബഹ്റൈച്ചിൽ നിന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി പാർട്ടികളുടെ ലേബലിൽ ജയിച്ചു.