India
അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. മദ്യനയ അഴിമതി കേസില്‍ രണ്ട് മാസമായി ജയിലില്‍ കഴിയുകയാണ് കെജ്‌രിവാള്‍. അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കെജ് രിവാള്‍ ഇന്ന് തന്നെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്‌രിവാളിനുള്ള വിലക്ക് തുടരും.