Politics
പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പിവി അൻവർ
സിപിഎമ്മുമായി എല്ലാ ബന്ധങ്ങളും അവസാനിച്ച സാഹചര്യത്തിൽ ഭാവി പരിപാടികൾ വിശദീകിച്ച് അൻവറിൻ്റെ വാർത്താ സമ്മേളനം. ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ പുതിയ രാഷ്ട്രീപാർട്ടിയടക്കം രൂപീകരിച്ച് പോരാട്ടം തുടരുമെന്ന് നിലമ്പൂർ എംഎൽഎ ഇന്ന് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലെയും ജനങ്ങളോടും സംസാരിച്ച ശേഷമായിരിക്കും തീരുമാനം. ഇതനായി വലിയ വേദികൾ ഒന്നും ഒരുക്കില്ല. ഒരു ജീപ്പിൽ നേരിട്ട് ജനക്കൾക്കിടയിലേക്ക് ഇറങ്ങുമെന്ന് അൻവർ.
പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. അതിന് ശ്രമിക്കുന്നത് പോലീസാണ്. തൻ്റെ സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്നങ്ങളുമായി ആളുകൾ സിപിഎം ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അൻവർ കുറ്റപ്പെടുത്തി. ജനങ്ങളുെട പ്രശ്നങ്ങളില്‍ ഇടപെടാതെ നേതാക്കള്‍ ഒളിച്ചോടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് തുറന്നു കാട്ടുന്നത് തെറ്റാണെങ്കില്‍ അത് തുടരുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
എഴുതിക്കൊണ്ടു വന്നത് വായിച്ച് തനിക്കെതിരെ നിലപാട് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ശൈലിയേയും അൻവർ ഇന്ന് പരിഹസിച്ചു. വസ്തുതാപരമായി കാര്യങ്ങൾ വിശദീകരിക്കാതെ അച്ചടി ഭാഷ പറഞ്ഞിട്ട് കാര്യമില്ല. വസ്തുനിഷ്ഠമായ അന്വേഷണം നടക്കുന്നുവെന്നാണ് സെക്രട്ടറി പറയുന്നത്. അങ്ങനെ ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് തനിക്ക്ബോധ്യപ്പെട്ടു. ആര് പറയുന്നതാണ് സത്യമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചോട്ടെയെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന സെക്രട്ടറിയുടെ പരാമർശത്തെയും അൻവർ വിമർശിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. എന്നാൽ അതു നടക്കാറില്ല. എംവി ഗോവിന്ദനു അങ്ങനെ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയുമൊക്കെ കാലത്ത് അത് നടക്കുമായിരുന്നു എന്നും അൻവർ ചൂണ്ടിക്കാട്ടി.