Kerala

സർക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് അന്‍വര്‍; പോലീസിനെതിരെ പരാതി നൽകാൻ വാട്സാപ് നമ്പർ; ഇടതുഭരണത്തിൽ ഇതാദ്യം

Posted on

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ ഏറ്റെടുത്ത പോരാട്ടം തുടരുമെന്ന സൂചന നല്കി പി.വി.അന്‍വര്‍ എംഎല്‍എ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും പോലീസിലെ ക്രിമിനലുകള്‍ക്ക് എതിരെ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടും അന്‍വര്‍ വാട്സ്ആപ് നമ്പര്‍ പുറത്തുവിട്ടു. 8304855901 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കില്ലെന്നും സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യമാണെന്നും പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ കയ്യൊഴിഞ്ഞതോടെയാണ് പുതിയ പോര്‍മുഖം തുറന്ന് അന്‍വര്‍ രംഗത്ത് എത്തിയത്.

കേരള പോലീസിലെ ക്രിമിനലുകൾക്കെതിരെ താൻ നൽകിയ പരാതികളിൽ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അൻവർ പറഞ്ഞു. “മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാരിൽ പ്രതീക്ഷയർപ്പിക്കുന്നു.”

“എന്റെ ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ. തൃശൂർ ഡിഐജി നാളെ മൊഴിയെടുക്കും. അന്വേഷണത്തിൽ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പോലീസിൽ പുഴുക്കുത്തുകളുണ്ട്. തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥൻ എന്നാണ് മനസിലാക്കുന്നത്. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്.” – അന്‍വര്‍ പറഞ്ഞു.

പി.ശശിക്കും എഡിജിപി എം.ആര്‍.അജിത്‌ കുമാറിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം മുഖ്യമന്ത്രിയെ കണ്ട അന്‍വര്‍ തന്റെ ഒന്നാംഘട്ട പോരാട്ടം അവസാനിച്ചു, എഡിജിപിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നൊക്കെയാണ് പറഞ്ഞത്. ഇതോടെ അന്‍വര്‍ വെടിനിര്‍ത്തുന്നു എന്ന സൂചനകള്‍ ശക്തമായി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ട അന്‍വറില്‍ മാറ്റം പ്രകടമായിരുന്നു. ‘പിണറായി വീട്ടില്‍ നിന്നു മുഖ്യമന്ത്രിയായതല്ല, മുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയും സഖാക്കളുമാണെന്ന്’ പറഞ്ഞ് അന്‍വര്‍ ആഞ്ഞടിച്ചത് മുഖ്യമന്ത്രിക്ക് നേരെയായിരുന്നു. ഈ വാക്കുകള്‍ സിപിഎമ്മിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

എം.വി.ഗോവിന്ദന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം അന്‍വറിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയില്‍ അന്‍വര്‍ ആദ്യം പരാതി നല്‍കേണ്ടത് പാര്‍ട്ടിക്ക് ആയിരുന്നു എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. അന്‍വര്‍ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം ഇല്ലെന്നും സര്‍ക്കാരാണ് അന്വേഷണം നടത്തേണ്ടതും എന്നുമാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇതോടെയാണ് വാട്സ്ആപ് നമ്പര്‍ പുറത്തുവിട്ട് അന്‍വര്‍ പോലീസിനെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version