Kerala
അന്‍വറിന്‍റെ ആരോപണത്തില്‍ ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി; ഞങ്ങളന്നേ പറഞ്ഞില്ലേയെന്ന് പ്രതിപക്ഷം
തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനെതിരെയും ഭരണകക്ഷി എംഎൽഎയായ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പോലീസ് മേധാവിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. നേരത്തെ എംഎൽഎയുടെ ആക്ഷേപങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായിരുന്നില്ല. സിയാലിൽ ഒരു പരിപാടിക്കെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ചിരിയോടെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
പി ശശി, എംആർ അജിത് കുമാർ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎ ഉന്നയിച്ചത്. എഡിജിപി കൊടും ക്രിമിനലാന്നെന്നും ഇടത് സർക്കാരിലെ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ പോലിസ് ചോർത്തി. എഡിജിപി കൊലയാളിയാണെന്നും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയാണ് മാതൃകയാക്കുന്നതെന്നും അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഇന്ന് വാർത്താ സമ്മേളനത്തിൽ അന്‍വര്‍ ഉന്നയിച്ചു.
അജിത് കുമാർ കൊലപാതകിയാണെന്നും പി ശശിയുമായി ചേർന്ന് മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുകയാണ്. ഇരുവരെയും വിശ്വസിച്ച് ചുമതലകൾ എൽപ്പിച്ചു. എന്നാൽ മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാത്ത പോലീസാണ് സംസ്ഥാനത്ത് ഉള്ളതെന്നും അൻവർ പറഞ്ഞു. സ്വർണ കള്ളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ് സുജിത് ദാസ്. മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിരുന്ന ബന്ധം ഉപയോഗിച്ച് വിമാനത്താവളം വഴി സ്വർണം പുറത്തെത്തിക്കാൻ ഇടപെടലുകൾ നടത്തും. പിന്നീട് ഇത് പുറത്തുവച്ച് പോലീസിനെക്കൊണ്ട് പിടിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്യും. ബിജെപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് തൃശൂർ പൂരം അജിത് കുമാർ കലക്കിയതെന്നും അൻവർ പറഞ്ഞു.
ഇടത് എംഎൽഎയുടെ വാർത്താ സമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും സ്വയം രാജിവച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൂരം, സ്വർണക്കടത്ത് വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിലമ്പൂര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിലൂടെ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഇന്ന് തന്നെ സസ്‌പെന്റ് ചെയ്യണം. ഗുണ്ടാ സംഘങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.