Kerala

‘പിവി അൻവർ കടിക്കില്ല, കുരയ്ക്കുകയേയുള്ളൂ’; വിരട്ടലും വിലപേശലും മുഖ്യമന്ത്രിയോട് മതിയെന്ന് മുഹമ്മദ് ഷിയാസ്

Posted on

നിലമ്പൂർ എംഎൽഎ പിവി അൻവർ കടലാസ് പുലിയാണെന്നും കടിക്കില്ല കുരയ്ക്കുകയേയുള്ളൂവെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാവിന് എല്ലില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇടത് എംൽഎ നടത്തുന്നത്. തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതി. കോൺഗ്രസ്സിനോട് വേണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഷിയാസ് പ്രതിപക്ഷ വിഡി സതീശന്റെ ഗുണ്ടയാണെന്ന് അൻവർ ഇന്ന് ആരോപിച്ചിരുന്നു. പേരിനൊരു വെള്ളക്കുപ്പായവും വെട്ടുകത്തിയും കൊടുത്തിട്ട് ഡിസിസി പ്രസിഡന്റെന്ന നെറ്റിപ്പട്ടം ചാർത്തി ഇരുത്തിയിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ മുണ്ടൂരിയും, തലയിലൂടെ മാലിന്യമൊഴിക്കും എന്നൊക്കെ പറഞ്ഞ് എറണാകുളത്തേക്ക് വന്നാൽ അന്‍വര്‍ മുട്ടിലിഴഞ്ഞ് പോകേണ്ടി വരുമെന്ന ഷിയാസിന്റെ പ്രതികരണമാണ് അൻവറിനെ രോഷാകുലനാക്കിയത്.

കളമശ്ശേരി മെഡിക്കൽ കോളജിൽ ഷിയാസ് കാലെടുത്തവർക്ക്‌ വേണ്ടി മാത്രമായി ഒരു പ്രത്യേക ബ്ലോക്ക്‌ തന്നെ ഉണ്ടെന്ന് ഇതിന് ശേഷം അൻവർ സോഷ്യൽ മീഡിയയിൽ പരിഹസിച്ചിരുന്നു. പേടിയായിട്ട്‌ വയ്യ എന്നും ഇടത് എംഎൽഎ ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്ന അൻവറിന് ഇടതുമുന്നണിയോ സർക്കാരോ യാതൊരു വിലയും നൽകുന്നില്ലെന്നും ഷിയാസ് തിരിച്ചടിച്ചു.

വണ്ടിച്ചെക്ക് കേസുകളിലും സർക്കാർ ഭൂമി കയ്യേറിയ കേസിലും പ്രതിയായ അൻവർ ഒരു തികഞ്ഞ തട്ടിപ്പുകാരനാണ്. പ്രകൃതിയെ ചൂഷണം ചെയ്തതിനു പോലും അദ്ദേഹത്തിനെതിരെ കേസുണ്ട്. പൊതുജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾ കൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നത് പോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് കരുതേണ്ടെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

അൻവറിന്റെ വെളിപ്പെടുത്തലിൻ്റെ പേരിലല്ല കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. അതിനും മുൻപേ മുഖ്യമന്ത്രിക്കെതിരെയും പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ആർഎസ്എസ് ബന്ധത്തിലും പാർട്ടി ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അത്തരം പ്രതിഷേധങ്ങൾക്ക് അൻവറിന്റെ വക്കാലത്ത് കോൺഗ്രസിന് ആവശ്യമില്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ല. ഈ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് കേരളീയ സമൂഹം പരാമർശങ്ങളെയും പ്രതികരണങ്ങളെയും തള്ളിക്കളയുമെന്നും മുഹമ്മദ്‌ ഷിയാസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version