Kerala

അന്‍വറിന് തിരിച്ചടി; സ്വര്‍ണക്കടത്തിന് എതിരെ ശക്തമായ നടപടി എന്ന് ഡിജിപി

Posted on

പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ അന്‍വറിന് വീണ്ടും തിരിച്ചടി. സ്വര്‍ണവേട്ട ശക്തമാക്കാന്‍ ഡിജിപി എസ്.ദർവേഷ് സാഹിബ് നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ മാഫിയ ആണെന്നും ശക്തമായ നടപടി തുടരണം എന്നുമാണ് ഡിജിപി നിര്‍ദേശിച്ചത്.

ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. സ്വര്‍ണവേട്ട തുടരേണ്ടതുണ്ടോ? അത് കസ്റ്റംസിന്റെ ജോലിയല്ലേ എന്ന എഡിജിപി എം.ആര്‍.അജിത്‌ കുമാറിന്റെ ചോദ്യത്തിനായിരുന്നു ഡിജിപിയുടെ മറുപടി.

കഴിഞ്ഞ രണ്ടുമാസമായി പൊലീസ് സ്വർണം പിടിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ഡിജിപി ചൂണ്ടിക്കാണിക്കുകയും ചെയ്തു. സ്വര്‍ണം കടത്തുന്നവര്‍ പിടിയിലാകുമ്പോള്‍ കാരിയാര്‍മാര്‍ രക്ഷപ്പെടുന്നത് തടയണമെന്നും ഡിജിപി നിര്‍ദേശിച്ചു. പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ അന്‍വര്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും തള്ളിയാണ് പോലീസ് നിലപാട് സ്വീകരിച്ചത്. പിടിച്ച സ്വര്‍ണം എത്ര ഗ്രാം കസ്റ്റംസിന് കൈമാറണം എന്ന് പോലീസാണ് തീരുമാനിക്കുന്നതെന്നും സ്വര്‍ണം പൊട്ടിക്കലില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പങ്കുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്.

അതേസമയം അന്‍വറിനെ കെട്ടിപ്പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാഷ്ട്രീയമായി അന്‍വറിനെ നേരിടുന്നതിന് പകരം കേസുകള്‍കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ നീക്കം. ഫോണ്‍ ചോര്‍ത്തലിലാണ് അന്‍വറിനെതിരെ കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.കോട്ടയം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറൽ പാർക്കിൻ്റെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്തും നടപടി തുടങ്ങി. മുഖ്യമന്ത്രിയും സിപിഎമ്മും അന്‍വറിനെ തള്ളിക്കളഞ്ഞതോടെയാണ് പഞ്ചായത്ത് നടപടി തുടങ്ങിയത്. അന്‍വറിനെതിരെ ഉയര്‍ന്ന പരാതികള്‍ പോലീസും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഈ കേസുകളും പിന്നാലെ വരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version