Kerala
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി
പത്തനംതിട്ട: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി. ബിജെപി ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട കെ സുരേന്ദ്രന്‍ അവര്‍ക്കെതിരെയും നടപടി ആവശ്യപ്പെടുമോയെന്നും ആന്റോ ആന്റണി ചോദിച്ചു.
‘എനിക്കെതിരെ കേസെടുക്കട്ടെ. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന, നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെതിരെ എന്താണ് കേസെടുക്കാത്തത്. ഗുരുതരമായ ആരോപണമാണ് സത്യപാല്‍ മാലിക് ഉയര്‍ത്തിയത്. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. മരണമടഞ്ഞ ജവാന്മാരുടെ ഭാര്യമാര്‍ ഇതേ ആരോപണം ഉയര്‍ത്തി. അവരും രാജ്യദ്രോഹികളാണോ? കെ സുരേന്ദ്രന്‍ പറയട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയാണെങ്കില്‍ ചെയ്യട്ടെ. തന്റേടം ഉണ്ട്. ഇതൊക്കെ കണ്ട് തന്നെയാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.’
പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് എന്താണെന്നായിരുന്നു ആന്റോ ആന്റണി ചോദിച്ചത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുല്‍വാമ ആക്രമണം. കേന്ദ്രം അറിയാതെ പുല്‍വാമയിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കില്ല. അന്നത്തെ കശ്മീര്‍ ഗവര്‍ണര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യന്‍ ടെറിറ്ററിക്കുള്ളില്‍ നടന്ന സ്‌ഫോടനമാണ് പുല്‍വാമയിലേത്. ഇത്രയും ആര്‍ഡിഎക്‌സുമായി ഗവണ്‍മെന്റിന്റെ സംവിധാനം അറിയാതെ ആര്‍ക്കും കടന്ന് ചെല്ലാന്‍ കഴിയില്ല. 42 ജവാന്‍മാരുടെ ജീവന്‍ കേന്ദ്രം ബലി കൊടുത്തുവെന്നും ജവാന്‍മാരെ റോഡിലൂടെ മനപൂര്‍വ്വം നടത്തിച്ചുവെന്നുമായിരുന്നു ആന്റോ ആന്റണിയുടെ ആരോപണം. പരാമര്‍ശത്തില്‍ എംപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.