India

നാഷണൽ കോൺഫറൻസുമായുള്ള സഖ്യത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് അമിത് ഷാ

Posted on

ശ്രീന​ഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺ​ഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരക്കൊതി തീർക്കാൻ രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും പണയപ്പെടുത്തിയ കോൺഗ്രസ് പാർട്ടി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കി അതിൻ്റെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടി. എൻസി പാർട്ടി മുന്നോട്ടുവെച്ചിട്ടുള്ള തെരഞ്ഞെടുപ്പ് വാ​ഗ്ധാനങ്ങളിൽ കോൺ​ഗ്രസിൻ്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസിന്റെ പ്രതിജ്ഞയെ കുറിച്ചും ഷാ ആശങ്കയുന്നയിച്ചു. എൻസിയുടെ പ്രതിജ്ഞ കോൺ​ഗ്രസ് പിന്തുണക്കുന്നുണ്ടോ എന്നും ഇവയുടെ പുനസ്ഥാപനം സംസ്ഥാനത്തെ അശാന്തിയുടെയും ഭീകരതയുടെയും യു​ഗത്തിലേക്ക് തിരികെകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനുമായി ഇടപഴകുന്നതിനെക്കുറിച്ചുള്ള കോൺഗ്രസ്-എൻസി സഖ്യത്തിൻ്റെ നിലപാടിനെയും ഷാ ചോദ്യം ചെയ്തു,

പാകിസ്ഥാനുമായി ‘എൽഒസി വ്യാപാരം’ ആരംഭിക്കാനും അതുവഴി അതിർത്തിക്കപ്പുറമുള്ള തീവ്രവാദത്തെയും അതിൻ്റെ ആവാസ വ്യവസ്ഥയെയും പരിപോഷിപ്പിക്കാനുമുള്ള നാഷണൽ കോൺഫറൻസിൻ്റെ തീരുമാനത്തെ കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും പിന്തുണയ്ക്കുന്നുണ്ടോ എന്നും ഷാ ചോദിച്ചു. കോൺ​ഗ്രസിന് സംവരണ വിരുദ്ധ നിലപാടാണ്. എൻസി മുന്നോട്ടുവെക്കുന്ന വാ​ഗ്ധാനങ്ങൾ ദളിത്, ​ഗുജ്ജാർ, പഹാഡി വിഭാ​ഗങ്ങളുടെ സംവരണം ഇല്ലാതാക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ പ്രമുഖ സ്ഥലങ്ങളായ ശങ്കരാചാര്യ ഹിൽ, ഹരി ഹിൽ തുടങ്ങിയ സ്ഥലങ്ങളുടെ പേര് ഇസ്‌ലാമിക പേരുകളാക്കി മാറ്റാൻ കോൺ​ഗ്രസും ആ​ഗ്രഹിക്കുന്നുണ്ടോ. ശങ്കരാചാര്യ ഹിൽ’ ‘തഖ്ത്-ഇ-സുലൈമാൻ’ എന്നും ‘ഹരി ഹിൽ’ ‘കോ-ഇ-മാരൻ’ എന്നും അറിയപ്പെടുന്നതിൽ കോൺ​ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version