ആലപ്പുഴ: കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുകൂട്ടരും പ്രീണനം നടത്തുന്നു. മോദി രാജ്യം ഭരിക്കുന്നിടത്തോളം പിഎഫ്ഐയെ കേരളത്തിൻ്റെ മണ്ണിൽ കാല് കുത്തിക്കില്ലെന്നും അമിത് ഷാ ആലപ്പുഴയിൽ പറഞ്ഞു. ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അമ്പലപ്പുഴ , വെങ്കിടാചലപതി, മണ്ണാറശാല ക്ഷേത്രങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മലയാളത്തിൽ സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രന് ചെയ്യുന്ന ഓരോ വോട്ടും മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കാനുള്ള വോട്ടാണ്. കേരളത്തിലെ കർഷകരും മത്സ്യ തൊഴിലാളികളും മോദിക്ക് ഒപ്പം ചേർന്ന് മുന്നേറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.