Tech

സ്പാം കോളുകളും സന്ദേശങ്ങളും വന്നാല്‍ ഉടന്‍ അലര്‍ട്ട്; എഐ അധിഷ്ഠിത സംവിധാനവുമായി എയര്‍ടെല്‍

Posted on

ന്യൂഡല്‍ഹി: സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ നെറ്റ്വര്‍ക്കില്‍ അവതരിപ്പിക്കാന്‍ ഭാരതി എയര്‍ടെല്‍ ഒരുങ്ങുന്നതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിറ്റല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സ്പാം കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഗോപാല്‍ വിറ്റല്‍ അറിയിച്ചു.

‘നിരവധി സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്പാമര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യും’ – ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘2 മില്ലിസെക്കന്‍ഡിനുള്ളില്‍ ഞങ്ങളുടെ സൊല്യൂഷന്‍ പ്രതിദിനം 150 കോടി സന്ദേശങ്ങളും 250 കോടി കോളുകളും പ്രോസസ്സ് ചെയ്യും. ഓരോ ദിവസവും ഉത്ഭവിക്കുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം സ്പാം എസ്എംഎസുകളും തിരിച്ചറിയാന്‍ ഞങ്ങളുടെ സൊല്യൂഷന് കഴിയും’ -വിറ്റല്‍ പറഞ്ഞു.

സാങ്കേതികവിദ്യ സ്വയം കോളിനെ തടയില്ല. എന്നാല്‍ കോളുകള്‍ തടയുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നവിധം അലര്‍ട്ടുകള്‍ നല്‍കും. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. യഥാര്‍ഥ കോളുകള്‍ പോലും സ്പാമായി പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാമെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എന്നാൽ വാട്ആപ്പ് പോലുള്ള ഓവര്‍-ദി-ടോപ്പ് ആപ്ലിക്കേഷനുകളില്‍ സ്പാം കോളുകള്‍ ലഭിക്കുന്ന ഉപയോക്താക്കളെ സഹായിക്കാന്‍ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version