Kerala
കേരളം സ്ഥലം തരൂ… എയിംസ് വന്നിരിക്കും; ബജറ്റില്‍ പ്രതികരിച്ച് സുരേഷ് ഗോപി
കേരളം കൃത്യമായ സ്ഥലം തന്നാല്‍ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ബജറ്റില്‍ സമ്പൂര്‍ണ്ണ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി. തൊഴിലവസരങ്ങള്‍ ഒരുങ്ങുന്ന മേഖലയ്ക്ക് തലോടലാണ് ബജറ്റ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
പ്രതിപക്ഷ ആരോപണങ്ങളില്‍ കാര്യമില്ല. എയിംസ് വരും എന്ന് പറഞ്ഞിട്ടുണ്ട്. അത് വന്നിരിക്കും. അതിന് കേരള സര്‍ക്കാര്‍ കൃത്യമായി സ്ഥലം തരണം. എയിംസിന് ഏത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നതെന്നും സുരേഷ്‌ഗോപി ചോദിച്ചു. കോഴിക്കോട് കിനാലൂരില്‍ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്ര മതിയോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുചോദ്യം.
എംപിയും കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുകയാണ്. ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉണ്ടായില്ലെന്ന് മാത്രമല്ല. കാര്യമായ ഒരു പ്രഖ്യാപനവും കേരളത്തിനായി ഉണ്ടായിട്ടില്ല.