Kerala
“എഐ ക്യാമറയല്ലേ? അത് ഓഫ് ആണ്!! അതൊക്കെ പണ്ട്, പണി എട്ടിന്റെ വരുന്നുണ്ട്”; മിഴിതുറന്ന് എഐ ക്യാമറകൾ വീണ്ടും
തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും ജാഗരൂകമായി. സൂക്ഷിച്ചില്ലേൽ എട്ടിന്റെ പണി ഉറപ്പ്. ഇടക്കാലത്ത് പ്രവർത്തനം നിലച്ച കാമറകൾ വീണ്ടും ലൈവ് ആയി. ഈ ദിവസങ്ങളിൽ നിയമലംഘനം നടത്തിയ വാഹനയാത്രക്കാർക്കു പിഴകൾ വന്നുതുടങ്ങി. സീറ്റ്‌ബെൽറ്റും ഹെൽമെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്.
ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെൽട്രോണിനു നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്.
ഇടക്കാലത്ത് സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകൾ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു.