Kerala
ഓടുന്ന ബസിന് മുകളിലേക്ക് മരം കടപുഴകി വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
അടിമാലിയില്‍ ഓടുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയിൽ അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം. രാജാക്കാട് – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലാണ് വൻമരം വീണത്.
ബസിന്റെ മുൻഭാഗം തകർന്നു. ഗ്ലാസ് പൊട്ടിയതിനെ തുടർന്ന് രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരുക്കേറ്റു. 50ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. വൈദ്യുതി ലൈനിന് മുകളിലായതിനാൽ വലിയ ശബ്ദവും ഉണ്ടായി. ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളിൽ മുന്‍പ് ഒടിഞ്ഞുവീണിരുന്നു. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മരം മുറിച്ച് മാറ്റാൻ ആവശ്യം ഉയർന്നിരുന്നെങ്കിലും മരത്തിന് കുഴപ്പമില്ലെന്ന നിഗമനത്തിൽ വെട്ടിമാറ്റിയിരുന്നില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യമാണ് മരംവീണതിനെ തുടര്‍ന്ന് വീണ്ടും ശക്തമാകുന്നത്.