India
ജോയിൻ ചെയ്യാൻ പോകവേ അപകടം, യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയിൽ ആദ്യ നിയമനത്തിനു ജോയിൻ ചെയ്യാനായി പോകുന്നതിനിടെയാണ് മരണപ്പെടുന്നത്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. ഔദ്യോഗിക വാഹനത്തിൽ മൈസൂരുവിൽ നിന്ന് ഹാസനിലേക്ക് പോവുകയായിരുന്നു. ഹാസനിൽ നിന്ന് 10 കിലോമീറ്റർ അകലെ കിട്ടാനിനടുത്താണ് അപകടമുണ്ടായത്.
ഹർഷ ബർധൻ ഐപിഎസ്, ജീപ്പ് ഡ്രൈവർ മഞ്ചഗൗഡ എന്നിവരെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹർഷബർധന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്കത്തിൽ ഗുരുതരമായ രക്തസ്രാവമുണ്ടായിരുന്നു. ഹാസനിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ എത്തി ചികിത്സ ഏറ്റെടുത്തു, എങ്കിലും മരിച്ചു.
2022ലെ യുപിഎസ്‌സി പരീക്ഷയിൽ 153-ാം റാങ്കോടെ വിജയിച്ച് ആദ്യശ്രമത്തിൽ തന്നെ ഐപിഎസ് കേഡർ നേടിയ ഹർഷബർധൻ മധ്യപ്രദേശിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിങ്ങിന്റെയും ഡോളി സിംഗിന്റെയും മകനാണ് .