ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികള്‍ ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ഇ.ഡി ആരോപണത്തിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതുസംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുന്നില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു.എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും തെളിവ് ഹാജരാക്കാൻ ഇഡിക്ക് സാധിക്കുന്നില്ലെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌ത് കേജ്‌രിവാള്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചോദ്യം.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇ.ഡി കേസ്. തിരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്ത രീതിയെയും കേജ്‌രിവാള്‍ ചോദ്യം ചെയ്തു. അറസ്റ്റ് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. ഇ.ഡിയുടേത് ഏകപക്ഷീയ നടപടികളാണെന്നും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ ക്ലാസിക് കേസാണിതെന്നും കൂട്ടിച്ചേർത്തു.