കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകും എന്നാണ് മാതൃഭൂമി സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റും എൽ.ഡി.എഫ് 5 സീറ്റും നേടുമെന്നാണ് വിലയിരുത്തൽ. പക്ഷേ ചില പ്രധാന മണ്ഡലങ്ങൾ കൈവിടുമത്രേ. സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കും. ഒപ്പം പാലക്കാടും എൽഡിഎഫ് നേടുമെന്നും സിറ്റിങ് സീറ്റുകളായ കോട്ടയവും ആലപ്പുഴയും നഷ്ടമാകും എന്നുമാണ് അഭിപ്രായ സർവേ പറയുന്നത്.
മുൻ ആരോഗ്യമന്ത്രി കൂടിയായ ശൈലജയ്ക്ക് വടകരയിൽ 41 ശതമാനം വോട്ടുകൾ ലഭിക്കും. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനേ സാധ്യതയുള്ളു. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കും. തൃശ്ശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ 34 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നും മാതൃഭൂമി ന്യൂസ്- പി മാര്‍ക്ക് അഭിപ്രായസര്‍വ്വേ പറയുന്നു.
കേരളം പോളിങ് ബൂത്തിലേക്ക് പോകുന്നത് ഏപ്രിൽ 26 നാണ്. പക്ഷേ പ്രവചനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് മുൻ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ നമ്മൾ തെളിയിച്ചിട്ടുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 19, എൽഡിഎഫ് 1 എന്നായിരുന്നു കണക്ക്. എന്നാൽ 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കു നോക്കിയാൽ 14 ലോക്സഭാ സീറ്റുകളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. യുഡിഎഫിന് ആറു സീറ്റുകളിലും. ഒരിടത്തും ബി.ജെ.പി മുന്നണിക്കു മുന്നിലെത്താൻ കഴിഞ്ഞില്ല.
നിയമസഭാ- ലോക്സഭാ തെരഞ്ഞെടുകളുടെ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഇതുവെച്ചുള്ള താരതമ്യത്തിന് അതുകൊണ്ട് വലിയ പ്രസക്തിയുമില്ല. എന്നിരുന്നാലും തങ്ങളുടെ അക്കൗണ്ടിൽ വീണ വോട്ടുകൾ നിലനിർത്താനിറങ്ങുന്ന മുന്നണികൾക്ക് ഈ കണക്കുകളും തള്ളിക്കളയാനാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയ്ക്ക് പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് 99 സീറ്റുകളോടെ ഭരണത്തുടർച്ച നേടിയത്. മുൻ തെരഞ്ഞെടുപ്പിനേക്കാൾ സീറ്റ് വർധിപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു. യുഡിഎഫ് 41 സീറ്റുകൾ മാത്രമാണ് നേടിയത്. ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിലും ഏഴ് നിയമസഭാ മണ്ഡലങ്ങൾ വീതമാണുള്ളത്. ഈ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികൾക്കും 2021ൽ കിട്ടിയ വോട്ടുകൾ പരിശോധിച്ചാൽ വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, കോട്ടയം, ആലപ്പുഴ ലോക്സഭാ സീറ്റുകളിലാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്.
മറ്റ് 14 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലാണ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ഒരിടത്ത് പോലും മുന്നിലെത്താനായിട്ടില്ല.