കോഴിക്കോട്: എൻഐടിയിൽ സംഘർഷത്തെ തുടർന്ന് തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി. അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു.
ഇതിനെതിരെ മലയാളി വിദ്യാർത്ഥി പ്ലക്കാർഡ് പിടിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ സമുദായത്തെയും വിശ്വാസത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ ക്യാമ്പസിൽ ഉണ്ടായതായും ഫെസ്റ്റുകൾ മാറ്റുന്നതായും രജിസ്ട്രാർ ഉത്തരവിറക്കുകയായിരുന്നു.