കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഒരുമാസത്തിനിടെ ഒരു കിലോഗ്രാം അരിയുടെ മുകളിൽ എട്ട് രൂപവരെയാണ് കൂടിയത്. ഗ്രാമങ്ങളിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഒരുകിലോ അരി വേണമെങ്കിൽ 50 രൂപയോളം നൽകണം. കുറുവ, ബോധന, പൊന്നി ഇനങ്ങൾക്ക് മൊത്തവിലയിൽത്തന്നെ ആറു മുതൽ എട്ടുരൂപയുടെ വർധനയാണുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അരി ഇനങ്ങളാണിവ. ബിരിയാണിക്കായി വ്യാപകമായി ഉപയോഗിക്കുന്ന കയമ, കോല അരിക്കും അടുത്തകാലത്ത് 10 രൂപയോളം കൂടി.
അരിയുടെ കയറ്റുമതി വർധിച്ചതാണ് വില വൻതോതിൽ കൂടാൻ ഇടയാക്കിയതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. അരിയുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നാൽ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കയറ്റുമതിക്കാർ മുൻകൂർ പണം നൽകുന്നതിനാൽ ഇതര സംസ്ഥാനങ്ങളിലെ മില്ലുടമകൾ അവർക്ക് അരിനൽകാനാണ് മുൻഗണന നൽകുന്നത്.
ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് ഊണിനുള്ള അരി കൂടുതലായി എത്തുന്നത്. ബിരിയാണിക്കുള്ളത് പശ്ചിമ ബംഗാളിൽനിന്നും. ഇവിടങ്ങളിലെ കൊയ്ത്തുത്സവ സീസണായാൽ അരിയുടെ വരവ് കൂടുമെന്നും വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
മൊത്ത വിപണിയിലെ വിലയേക്കാൾ കിലോക്ക് അഞ്ചുരൂപയോളം അധികമാണ് പ്രാദേശിക വിപണികളിൽ ഈടാക്കുന്നത്. മൊത്തവിപണിയിൽ നിന്ന് വിദൂര സ്ഥലങ്ങളിലേക്ക് ചരക്കുകടത്ത് കൂലിയടക്കം കണക്കാക്കി കൂടുതൽ വില ഈടാക്കുന്നുമുണ്ട്. ഒരുകിലോ മുതൽ 25 കിലോ വരെയുള്ള ബാഗുകളിലാക്കി വിൽക്കുന്ന ബ്രാന്റഡ് അരിക്ക് നേരത്തെ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയതും തിരിച്ചടിയായിട്ടുണ്ട്. കുറഞ്ഞ അളവിൽ അരിവാങ്ങുന്ന ചെറിയ കുടുംബങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.