Kerala

കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത്: മീനച്ചിലിൽ 166 പരാതികൾക്ക് ഉടനടി പരിഹാരം

 

കോട്ടയം: മീനച്ചിൽ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി. അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം കാണാനായി. ​മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുക​ൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.​ ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.

വിവിധ ആവശ്യങ്ങളുമായി ജനപ്രതിനിധികൾ

പാലായിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ വിവിധ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികളും. ഭരണങ്ങാനം ടൗണിലെ ഗതാഗതം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ അംഗം രാജേഷ് വാളിപ്ലാക്കൽ അദാലത്തിനെ സമീപിച്ചു. കൊച്ചിടപ്പാടി മുതൽ ഇടപ്പാടി വരെ ചെയിൻ റോഡ് സൈഡിൽ നടപ്പാതയില്ലാത്തത് അപകടങ്ങൾ സൃഷ്ടിക്കുന്ന കാര്യവും അദ്ദേഹം പരാതിയായി ഉന്നയിച്ചു. പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ, കൗൺസിലർമാരായ തോമസ് പീറ്റർ, ലീന സണ്ണി തുടങ്ങിയവരും റോഡ് തകർച്ച, വെള്ളക്കെട്ട് തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതി നൽകി. വന്യമൃഗ ശല്യം മൂലം തിടനാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക വേദി ഭാരവാഹികൾ അദാലത്തിനെ സമീപിച്ചു. മുള്ളൻപന്നി, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയവയുടെ ശല്യം കാരണം കൃഷി ചെയ്യാനാവുന്നില്ലെന്നായിരുന്നു പരാതി. നടപടികളെടുക്കാൻ പരാതി വനം വകുപ്പിന് കൈമാറി. കൃഷി നാശത്തിനൊപ്പം കോഴി,താറാവ് എന്നിവയെ വളർത്തി ജീവിക്കാനാകുന്നില്ലെന്നും ടാപ്പിങ് തൊഴിലാളികളടക്കമുള്ളവരുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി റോഷി അഗസ്റ്റിൻ വിഷയം ചർച്ച ചെയ്തു.

 

സ്‌കൂളിന് കെട്ടിട നമ്പർ നൽകാൻ നിർദ്ദേശം

കോട്ടയം: മൂന്നാം നിലയിലേക്ക് റാംപ് നിർമിച്ചിട്ടില്ലെന്നതിനാൽ സ്‌കൂൾ കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന പരാതിയിൽ അനുകൂല നടപടി സ്വീകരിക്കാൻ മീനച്ചിൽ താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. മരങ്ങാട്ടുപിള്ളി സെയിന്റ് തോമസ് ഹൈസ്‌കൂൾ മാനേജർ ഫാ. ജോസഫ് ഞാറക്കാട്ടിലാണ് അദാലത്തിൽ പരാതി നൽകിയത്. ആദ്യ രണ്ടു നിലകളിലേക്കും റാംപ് ഉണ്ടെങ്കിലും മൂന്നാം നിലയിലേക്ക് ഇല്ല. അവിടെ ക്ലാസ് നടക്കുന്നില്ലെന്നതടക്കം കാണിച്ച് പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു നിലകളിൽ മാത്രമേ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുള്ളൂവെന്നതു പരിഗണിച്ച് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top