Kerala
വാതിൽ തകർത്ത് വീട്ടില് അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : വീട്ടില് അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് ഭാഗത്ത് കല്ലുപുരക്കൽ വീട്ടിൽ അനന്തു സുരേഷ് (23), വടവാതൂർ തേമ്പ്രവാൽക്കടവ് ഭാഗത്ത് കനക വിലാസം വീട്ടിൽ മണി എന്ന് വിളിക്കുന്ന മണികണ്ഠൻ.കെ (33), പാമ്പാടി പത്താഴക്കുഴി ഭാഗത്ത് പാറയ്ക്കൽ വീട്ടിൽ അമൽ പി.വി (30) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്ക് കഴിഞ്ഞദിവസം രാത്രി 11:30 മണിയോടുകൂടി പുതുപ്പള്ളി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, വീടിന്റെ കതക് തകർക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. അനന്തു സുരേഷിന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ് ജോയ്, എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്,യേശുദാസ്, അജേഷ്, അരുൺ,സെവിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.