Crime
അടിച്ചു പൂക്കുറ്റിയായ മദ്യപൻ റോഡരുകിൽ നിന്ന് പോയ വാഹനങ്ങൾക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ചു; ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി
കോഴിക്കോട്: മദ്യപിച്ചെത്തിയ ആൾ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി. ഫറോക്ക് ചെറുവണ്ണൂരിൽ ഇന്നലെ വൈകിട്ടോടെയാണ് യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്. ചെറുവണ്ണൂർ ജംഗ്ഷന് സമീപം കാലുറയ്ക്കാതെ നിൽക്കുകയായിരുന്ന ഇയാൾ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് കൈവശമുണ്ടായിരുന്ന സ്പ്രേ അടിക്കുകയായിരുന്നു.
ഈ സമയം കോഴിക്കോട്ട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്തിരുന്ന ഷെറിൻ സുലൈഖയുടെ മുഖത്തും സ്പ്രേ പതിച്ചു. തുടർന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേസമയം തന്നെ സ്പ്രേ ആക്രമണത്തിനിരയായ പാസഞ്ചർ ഓട്ടോ ഡ്രൈവർ മലപ്പുറം ഐക്കരപ്പടി സ്വദേശി കുളങ്ങോട്ട് ഹൗസിൽ മുഹമ്മദ് നബീലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് നബീലിന്റെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തെങ്കിലും സംഭവ സ്ഥലത്തു നിന്ന് ഇയാൾ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.