Kerala
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രൈസ്തവ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തത് :അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി
കോട്ടയം :പ്രവിത്താനം : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നേടിയിട്ടുള്ള പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നിയുക്ത പാർലമെന്റ് അംഗം അഡ്വ.കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘വിജയോത്സവം -2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മറികടക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി. വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ലാപ്ടോപ്പുകളും, അനുബന്ധ ഉപകരണങ്ങളും എം.പി. ഫണ്ട് വിനിയോഗത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന അവസരത്തിൽ തന്നെ സ്കൂളിന് ലഭ്യമാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ പാഠ്യ-പാഠ്യേതര മേഖലകളിൽ കരസ്ഥമാക്കുന്ന നേട്ടങ്ങൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി ജെ, പി ടി എ പ്രസിഡന്റ് ജിസ്മോൻ ജോസ്, എം പി ടി എ പ്രസിഡന്റ് ജാൻസി ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ അന്ന ജിനു, നീഹാര അന്ന ബിൻസ് എന്നിവർ സംസാരിച്ചു.