Crime
നായയെ സ്റ്റിയറിങ് വീലില്‍ ഇരുത്തി കാറോടിച്ചതിന് പള്ളി വികാരിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
കൊല്ലം :നായയെ സ്റ്റിയറിങ് വീലില്‍ ഇരുത്തി കാറോടിച്ചതിന് പള്ളി വികാരിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു .കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹം തന്റെ നായയെ സ്റ്റിയറിങ് വീലില്‍ ഇരുത്തിയാണ് കാറോടിച്ചത്. ഇതിന്റെ ചിത്രം ചിലര്‍ ആര്‍ടിഒയ്‌ക്ക് കൈമാറിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിന്‌ശേഷം ഇദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയതായി ആര്‍ടിഒ ആര്‍. രമണന്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു.
അതിനിടെ കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ ബ്ലോഗര്‍ സഞ്ജുവിനെതിരെയുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി ബുധനാഴ്ചയോടെയുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജുവിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് കൈമാറിയിരുന്നു. ഗതാഗത നിയമം ലംഘിച്ച് 12ല്‍ അധികം വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതായി മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി. 13ന് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനു മുന്‍പ് നടപടി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഗതാഗത നിയമ ലംഘനങ്ങള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂ ട്യൂബിന് കത്ത് കൈമാറുമെന്ന് ആലപ്പുഴ മോട്ടോര്‍ വാഹന വകുപ്പ്.
സാമ്പത്തിക നേട്ടത്തിനായി വ്‌ളോഗര്‍മാര്‍ മോട്ടോര്‍ വാഹന നിയമം കാറ്റില്‍പ്പറത്തി ധാരാളം വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവണതകള്‍ അംഗികരിക്കാനാവില്ല. ഇത് കണക്കിലെടുത്താണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂ ട്യൂബിന് കത്ത് നല്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പറഞ്ഞു.