Kerala

ഒന്നാം പിണറായി സർക്കാരിലെ പ്രഗൽഭരായ മന്ത്രിമാരുടെ പകരക്കാരാവാൻ രണ്ടാം സർക്കാരിലെ പല മന്ത്രിമാർക്കും സാധിക്കുന്നില്ല:വിമർശനത്തിന്റെ ആദ്യ വെടി പൊട്ടിച്ച് മാണിഗ്രൂപ്പ് നേതാവ് ഡാന്റീസ് കൂനാനിക്കൽ 

Posted on

 

കോട്ടയം : കാഞ്ഞിരമറ്റം: മുഖ്യമന്ത്രിയുടെ അപ്രമാദിത്വവും വകുപ്പു മന്ത്രിമാരുടെ നിഷ്ക്രീയത്വവും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അധിനിവേഷവും മറു വിഭാഗത്തിന്റെ നിസ്സംഗതയും സംസ്ഥാന ഭരണത്തെ വീർപ്പുമുട്ടിക്കുന്നതായും ഒന്നാം പിണറായി സർക്കാരിലെ പ്രഗൽഭരായ മന്ത്രിമാരുടെ പകരക്കാരാവാൻ രണ്ടാം സർക്കാരിലെ പല മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നും നയ സമീപനങ്ങളിലും പ്രവർത്തന രീതികളിലും മാറ്റം വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്കാവണമെന്നും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

രാജ്യവ്യാപകമായി അലയടിച്ചുയർന്ന കർഷകപ്രക്ഷോഭത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ദേശീയ തലത്തിൽ തെരഞ്ഞെടുപ്പു ഫലമെന്നും സംസ്ഥാന സർക്കാരിന്റെ കാർഷിക ഇടപെടലുകൾ കാര്യക്ഷമവും കുറ്റമറ്റതുമാവേ ണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണം, റബ്ബർ വില സ്ഥിരതാ പദ്ധതി, പച്ചക്കറി താങ്ങുവില പ്രഖ്യാപനം, നാളികേര സംഭരണം, കർഷകക്ഷേമ നിധി പെൻഷൻ തുടങ്ങി ഇടതുമുന്നണി സർക്കാരിന്റെ കർഷക ആഭിമുഖ്യ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തപ്പെടണം.

കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം കേരളത്തിൽ യു.ഡി.എഫ് തരംഗമായി മാറി. മന്ത്രിസഭയിലടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വികസന വീര വാദങ്ങൾക്കു പകരം പൊതുജന വികാരം ഉൾക്കൊണ്ടുള്ള തുടർ ഭരണം ഉറപ്പാക്കിയും ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്കാവണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു. കർഷക യൂണിയൻ (എം) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജയ് മോൻ പുത്തൻ പുരയ്ക്കൽ അദ്ധ്യക്ഷം വഹിച്ചു. ബെന്നി തോലാനിക്കൽ , ജോസ് ഓലിയ്ക്ക തകിടിയിൽ, സെബാസ്റ്റ്യൻ ആരുച്ചേരിൽ , ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version