Kerala

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സ്‌കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്: സീറോ മലബാർ സിനഡൽ വിദ്യാഭ്യാസ കമ്മിറ്റി

Posted on

 

പാലാ:- ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ സ്കൂളുകളുടെ സുഗമമായ നടത്തിപ്പിനുണ്ടാകുന്ന തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് സീറോ മലബാർ സിനഡൽ വിദ്യാഭ്യാസ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സീറോ മലബാർ സഭയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജർമാരുടെയും വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗം കേരളത്തിലെ എയ്ഡഡ് മേഖലയും ഉന്നതവിദ്യാഭ്യാസ മേഖലയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിരവധി അധ്യാപക തസ്തികകൾ ഭിന്നശേഷി സംവരണത്തിനായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുനൽകാൻ തയാറായിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ മറ്റ് അധ്യാപക ഒഴിവുകൾ നികത്തപ്പെടാൻ സാധിക്കുന്നില്ല.

ഇത് സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഭിന്നശേഷി സംവരണ നിയമനത്തിന്റെ പേരിൽ തടസ്സപ്പെട്ട ഫയലുകൾ എത്രയും വേഗം തീർപ്പാക്കണം. ഭിന്നശേഷി സംവരണ നിയമനം വൈകുന്നതിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ ലംഘനം സംഭവിക്കാതിരിക്കാൻ സർക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു.

സീറോ മലബാർ സിനഡൽ കമ്മിറ്റി ഫോർ എജ്യൂക്കേഷൻ കൺവീനർ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചങ്ങനാശ്ശേരി രൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. ബെർക്ക്മാൻസ് കുന്നുംപുറം, കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version