Kerala
മലവെള്ളപ്പാച്ചിലും മിന്നല്‍പ്രളയങ്ങളും ഉണ്ടായേക്കാം പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അത് മലവെള്ളപ്പാച്ചിലും മിന്നല്‍പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാൻ പാടുള്ളതല്ല. ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.