Kerala
കണ്ണൂർ പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച.;മുൻ വാതിൽ തകർത്താണ് കവർച്ച നടത്തിയത്
കണ്ണൂർ :പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് വൻ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് മാറിനിന്ന സമയമായിരുന്നു.
സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടിന്‍റെ മുൻവാതില്‍ തകര്‍ത്ത് നേരിട്ട് തന്നെയാണ് കവര്‍ച്ചക്കാര്‍ കയറിയിട്ടുള്ളത്. എല്ലാവരും മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു.സ്വര്‍ണം അടങ്ങുന്ന കവര്‍ താഴത്തെ നിലയില്‍ ഒരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ കവര്‍ അങ്ങനെ തന്നെ എടുത്ത് വീടിന്‍റെ പുറത്ത് കൊണ്ടുപോയി കൊട്ടി, ആവശ്യമുള്ളത് തെരഞ്ഞെടുക്കുകയാണ് കവര്‍ച്ചക്കാര്‍ ചെയ്തിട്ടുള്ളത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളെന്തെങ്കിലും ലഭിച്ചതായ വിവരമില്ല. വീടിന്‍റെ വാതില്‍ തകര്‍ക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കമ്പിപ്പാരയുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം തുടങ്ങിയിട്ടുണ്ട്.