Kerala
ഈരാറ്റുപേട്ടയിൽ കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാദിഖ് വി.എം (31), ഇയാളുടെ സഹോദരനായ മുഹമ്മദ് ഹുബൈല്‍ വി.എസ് (39),ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ ജഹനാസ് പി.പി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ ഭാഗത്ത് വച്ച് മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന മരക്കൊമ്പ് കൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. കൗമാരക്കാരനോട് ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ആക്രമിച്ചത്.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും കോഴിക്കോട് നിന്ന് പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി എസ്, എസ്. ഐ മാരായ ജിബിൻ തോമസ്, ഷാജി, രാധാകൃഷ്ണൻ, സി.പി.ഓ മാരായ ജോബി,അനീഷ്, രമേശ്, മാർട്ടിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.