Politics

പാർട്ടിയിൽ നിന്നും പിന്തുണയില്ല:ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ രാജിവച്ചു;എന്നാൽ സെക്രട്ടറിക്ക് രാജി നൽകിയിട്ടില്ല

Posted on

ഈരാറ്റുപേട്ട: നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ രാജിവെച്ചു. ഇതു സംബന്ധിച്ച കത്ത് നേതൃത്വത്തിന് കൈമാറി. പാർട്ടിയിൽനിന്നും സഹപ്രവർത്തകരിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും തനിക്കെതിരായ ഉയരുന്ന ആരോപണങ്ങളിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ തന്നെ തനിക്കെതിരെ പ്രവർത്തിക്കുന്നതായും നേതൃത്വത്തിന് കൈമാറിയ കത്തിൽ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു.

മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് കൈമാറിയിട്ടില്ലെന്നും പുതിയ ചെയർപേഴ്‌സനെ കണ്ടെത്താൻ പാർട്ടിക്ക് സമയം ലഭിക്കും വരെ തുടരുമെന്നും നേതൃത്വത്തിന് കൈമാറിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി.

സുഹ്‌റ അബ്ദുൽ ഖാദറുടെ വിശദീകരണ കുറിപ്പ്:

പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരെ, സുഹൃത്തുക്കളെ, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ ചെയർപേഴ്സൺ ആയി പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചിട്ട് മൂന്നര വർഷം കഴിഞ്ഞിരിക്കുന്നു. നാളിതുവരെ പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഒരു തീരുമാനവും ഞാൻ എടുത്തിട്ടില്ല.

പക്ഷേ കഴിഞ്ഞ കുറെ നാളുകളായി എനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും സഹ കൗൺസിലർമാരിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. എനിക്കെതിരെ എന്ത് ആക്ഷേപം ഉണ്ടെങ്കിലും അതിനെല്ലാം മറുപടി പറയാൻ ഞാൻ ഉത്തരവാദിയാണ് . പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും ഞാൻ വ്യക്തിപരമായി എടുത്തിട്ടില്ല.

വേസ്റ്റ് ബിനുമായി ബന്ധപ്പെട്ട ഒരു ആരോപണമാണ് അടുത്തകാലത്ത് എനിക്കെതിരെ ഏറ്റവും അധികം,സഹ കൗൺസിലർമാരും പാർട്ടി പ്രവർത്തകരും ഉന്നയിച്ചിട്ടുള്ളത്. പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം അനുസരിച്ചാണ് ബയോ ബിന്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയിരിക്കുന്നത്.

എന്നാൽ അതിനെതിരെ ആക്ഷേപം ഉണ്ടായപ്പോൾ പാർട്ടി നേതൃത്വം തന്ത്രപരമായ മൗനം സ്വീകരിച്ച് എന്നെ ഒറ്റപ്പെടുത്തുകയാണ് ഉണ്ടായത്. സഹ കൗൺസിലർമാരുടെ ഭാഗത്ത് നിന്നും എനിക്ക് സപ്പോർട്ട് ഒന്നും ഉണ്ടായിട്ടില്ല. പാർട്ടിയും മുന്നണിയും എടുത്ത തീരുമാനത്തിന്റെ പേരിൽ ഞാൻ അഴിമതിക്കാരിയായി.

അടുത്തതായി ഞാൻ ആക്ഷേപം കേട്ടത് നഗരസഭയുമായി ബന്ധപ്പെട്ട നഗരോത്സവത്തിന്റെ വരവ് ചിലവ് കണക്കുകളുമായി ബന്ധപ്പെട്ടതാണ്. നഗരോൽസവവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും കൈകാര്യം ചെയ്തിരുന്നത് ഫിനാൻസ് കമ്മിറ്റിയാണ്.

വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസും ,കൗൺസിലർ സുനിൽകുമാറും, AMA ഖാദർ കാക്കയും അടങ്ങിയ കമ്മറ്റിയാണ് മുഴുവൻ ചെലവുകളും നടത്തിയിരിക്കുന്നത്. അതിൽ ഉണ്ടായിട്ടുള്ള മുഴുവൻ സാമ്പത്തിക കാര്യങ്ങളെ കുറിച്ചും അവർക്ക് വ്യക്തമായ ബോധ്യമുള്ളതും കണക്കുള്ളതുമാണ്. എന്നാൽ കുടുംബശ്രീ യുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നഗരോത്സവത്തിലെ അഴിമതിയെക്കുറിച്ച് കുടുംബശ്രീ ചെയർപേഴ്സൺ ആരോപണം ഉന്നയിച്ചത് നഗരസഭ ചെയർപേഴ്സൺ ആയ എനിക്ക് നേരെയാണ്.

ആ വിഷയത്തിലും എന്നെ സപ്പോർട്ട് ചെയ്യാൻ സഹ കൗൺസിലർമാരോ പാർട്ടിയോ നാളിതുവരെ ശ്രമിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ വലിയതോതിൽ എന്നെ അധിക്ഷേപിച്ചപ്പോൾ പ്രതികരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട വരും പാർട്ടിയും അക്കാര്യത്തിൽ മൗനം പാലിച്ചു.

നഗരസഭയിലെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർ വ്യാപകമായി എനിക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരണം നടത്തിയപ്പോൾ കൃത്യമായി കാര്യങ്ങൾ അറിയാവുന്നവർ പോലും അക്കാര്യത്തിൽ സജീവമായി ഇടപെടലുകൾ നടത്തിയില്ല.

പാർട്ടിയുടെ വാർഡുകളിലേക്ക് ഏറ്റവും അധികം ഫണ്ട് നൽകിയത് ചെയർപേഴ്സൺ ആയ ഞാൻ ഭരണത്തിൽ ഇരിക്കുമ്പോഴാണ്. ഇക്കാര്യത്തിലും പാർട്ടി പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു.

ഏറ്റവും അവസാനം നടന്ന 26 ഡിവിഷനിൽ കുടിവെള്ള പദ്ധതിയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പോലും എനിക്കെതിരെ ആക്ഷേപം ഉണ്ടായി. ചെയർപേഴ്സൺ എന്ന നിലയ്ക്ക് മുൻകൂർ അനുമതി മാത്രമാണ് ഞാൻ അതിൽ കൊടുത്തത്. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും അസിസ്റ്റൻറ് എൻജിനീയറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മുൻകൂർ അനുമതി കൊടുത്തത്.

ചെയർപേഴ്സൺ ആയ ഞാൻ പോലും അറിയാതെയാണ് ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നടന്നിരിക്കുന്നത്. ഇക്കാര്യത്തിലും പാർട്ടിയുടെ ഇടപെടലുകൾ പ്രതീക്ഷിച്ചിട്ടും നിരാശയായിരുന്നു ഫലം. ഇക്കാര്യത്തിലും പ്രതിപക്ഷത്തിന് വടിയിട്ടു കൊടുത്തത് നമ്മുടെ പാർട്ടിക്കാർ തന്നെയായിരുന്നു.

നാളിതുവരെയും പാർട്ടിക്കെതിരെയും മുന്നണിക്കെതിരെയും ഒരു നിലപാടും ഞാൻ സ്വീകരിച്ചിട്ടില്ല. എന്നാൽ പാർട്ടിയുടെ പിന്തുണ പൂർണമായും ലഭിക്കാത്തതുകൊണ്ട് വലിയ മാനസിക പ്രയാസത്തിലാണ് ഞാനും എന്റെ കുടുംബവും. ആയതിനാൽ പാർട്ടി ഏൽപ്പിച്ച ചെയർപേഴ്സൺ സ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. രാജിക്കത്ത് പാർട്ടിക്ക് കൈമാറിയിട്ടുണ്ട്.

ഔദ്യോഗികമായി മുൻസിപ്പൽ സെക്രട്ടറിക്കുള്ള കത്ത് പാർട്ടിക്ക് മറ്റൊരാളെ കണ്ടെത്താനുള്ള സാവകാശ ലഭിക്കുന്നതിന് വേണ്ടി കൈമാറിയിട്ടില്ല. പാർട്ടി ഉചിതമായ തീരുമാനമെടുത്ത് മറ്റൊരാളെ കണ്ടെത്തുന്ന മുറയ്ക്ക് ഔദ്യോഗികമായി തന്നെ രാജിക്കത്ത് കൈമാറുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version