Kerala
ഹൈദരാബാദിനെ പപ്പടം പോലെ പൊടിച്ച് കൊമ്പന്മാർ തനിമ കാത്തു;ഡിസംബറില്‍ മോഹൻ ബഗാനെ തോല്‍പ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയമാണിത്
ഹൈദരാബാദ്:ഇന്ത്യൻ സൂപ്പർ ലീഗിലെ ഇത്തവണത്തെ അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഡിസംബറില്‍ മോഹൻ ബഗാനെ തോല്‍പ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയമാണിത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്ന് ഹൈദരബാദിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമന്റെ ഗോളിലാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 34ആം മിനിറ്റില്‍ ആയിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് സൗരവ് നല്കിയ ഒരു ക്രോസ് ഹെഡ്ഡറിലൂടെ മുഹമ്മദ് ഐമൻ വലയിലാക്കുകയായിരുന്നു. സീസണിൽ ഐമന്റെ ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയുടെ 51ആം മിനുട്ടില്‍ ഡെയ്സുകെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സൗരവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോളും വന്നത്. ഡെയ്സുകെയുടെ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്. സബ്ബായി എത്തിയ നിഹാല്‍ കേരള ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോള്‍ നേടി. നിഹാലിന്റെയും ആദ്യ ഐ എസ് എല്‍ ഗോളാണിത്. ഐമന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജാവോ വിക്ടർ ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ നേടി(3-1).ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ 2023-24 ലീഗ് സീസണില്‍ 33 പോയിന്റുമായി അഞ്ചാമത് ഫിനിഷ് ചെയ്തു. ഇനി 19ആം തീയതി പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും.