Kerala

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ മര്‍ദനമേറ്റ് റോഡില്‍ വീണ വൃദ്ധന്‍ മരിച്ചു;പനയോലയുടെ കഷണത്തിനായിരുന്നു അടി

Posted on

വണ്ണപ്പുറം : വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ മര്‍ദനമേറ്റ് റോഡില്‍ വീണ വൃദ്ധന്‍ മരിച്ചു. മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങന്‍കോളനിയില്‍ പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രനാണ് (73) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു വാക്കേറ്റമുണ്ടായത്. സുരേന്ദ്രന്‍ രാവിലെ ചായക്കടയില്‍ പോയി ഭക്ഷണം കഴിച്ച ശേഷം തിരികെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്നു. വീടിനടുത്ത് എത്താറായപ്പോള്‍ റോഡിലിറങ്ങി അയല്‍വാസിയായ കല്ലിങ്കല്‍ ദേവകി (62) ഓട്ടോറിക്ഷ തടഞ്ഞു. ഇതുവഴി വാഹനങ്ങള്‍ പോകാനാകില്ലെന്നും കോടതിയില്‍ നിന്നുള്ള സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞാണ് ദേവകി വഴി തടഞ്ഞത്. ഇതേചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടെ ഓട്ടോറിക്ഷയുമായി ഡ്രൈവര്‍ തിരികെ പോയി.

വാക്കേറ്റത്തെതുടര്‍ന്ന് വഴിയില്‍ കിടന്ന പനയോലയുടെ കഷണം ഉപയോഗിച്ച് സുരേന്ദ്രന്‍ ദേവകിയെ തല്ലി. ഇത് പിടിച്ചു വാങ്ങി ദേവകിയും സുരേന്ദ്രനെ മര്‍ദ്ദിച്ചു. പിടിവലിയില്‍ ഇരുവരും നിലത്ത് വീണു. തുടര്‍ന്ന് ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാല്‍ സുരേന്ദ്രന് എഴുന്നേല്‍ക്കാനായില്ല. ഏകദേശം രണ്ട് മണിക്കൂറോളം സുരേന്ദ്രന്‍ റോഡില്‍ കിടന്നു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പോലീസിനെ വിവരമറിയിക്കുകയും പോലീസ് ആംബുലന്‍സ് വിളിച്ചു വരുത്തിയശേഷം സുരേന്ദ്രനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തക്കുകയുമായിരുന്നു.

എന്നാല്‍ ആശുപത്രിയിലേത്തിയപ്പോഴെക്കും സുരേന്ദ്രന്‍ മരിച്ചിരുന്നു. കാളിയാര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റ് കിടന്നുണ്ടായ പൊള്ളലും മാത്രമാണ് ശരീരത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ ദേവകി പോലീസ് നിരീക്ഷണത്തില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണകാരണം വ്യക്തമായശേഷമേ ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന് കാളിയാര്‍ സി.ഐ പറഞ്ഞു. സുരേന്ദ്രന്റെ ഭാര്യ: രമാദേവി. മക്കള്‍: ബിന്ദു, മഞ്ജുഷ, മഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version