Kerala

ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി

Posted on

യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ആറ് ലക്ഷം ദിർഹം അപഹരിച്ചത്. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 25-ന് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.

എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.

പരാതിയിന്മേൽ ഉടനടി നടപടിയുണ്ടായതിൽ അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version