Kerala
ഭൂനികുതി അടച്ചുനൽകുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
കണ്ണൂർ: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റായ ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. കണ്ണൂർ രാമന്തളി സ്വദേശിയായ പരാതിക്കാരന്റെ 8 വർഷമായി അടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിച്ചു. ഇതിനായി എത്തിയ സമയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി വാങ്ങി.
തുടർന്ന് പരാതിക്കാരനോട് ഭൂനികുതി അടക്കാൻ ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു, എന്നാൽ, വരുമ്പോൾ 2,000 രൂപ കൈക്കൂലി കൂടി നൽകണമെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മധുസൂദനൻ നായരെ അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകുന്നേരം 03:45 ഓടെ വില്ലേജ് ഓഫീസിൽ വച്ച് ലിജേഷ് പരാതിക്കാരനിൽ നിന്ന് 2,000 കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെപിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി യെകൂടാതെ ഇൻസ്പെക്ടർമാരായ ടി ആർ മനോജ്, വിനു മോഹൻ, സബ് ഇൻസ്പെക്ടർമാരായ അശോകൻ, രാധാ കൃഷ്ണൻ, പ്രവീൺ, ഗിരീശൻ, നിജേഷ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബാബു, രാജേഷ്, ജയശ്രീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, പ്രജിൻ രാജ്, ഹൈറേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.