Kerala
തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്
തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി.ആരെങ്കിലും തന്‍റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ടൊവിനോ പറഞ്ഞു.
ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകളെന്നും ടൊവിനോ കുറിച്ചു.നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്‍റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദം വിശദീകരിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ഈ കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.