Kerala

ഡ്രൈവിംഗ് ടെസ്റ്റ്; പരിഷ്‌കാരം പാളി, വ്യാപകപ്രതിഷേധം, മലപ്പുറത്ത് സംഘർഷം, നിയന്ത്രണം പിന്‍വലിച്ചു

Posted on

 

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരു കേന്ദ്രത്തില്‍ പ്രതിദിനം 50 പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം പിന്‍വലിച്ചതായി അറിയിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം പിന്‍വലിച്ചത്.

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് ഉൾപ്പെടെ പ്രതിഷേധമുണ്ടായി. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താൻ ഗണേഷ് കുമാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെയാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം വന്നത്. ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. പലരും അവധിയെടുത്തും മറ്റുമാണ് ടെസ്റ്റിന് എത്തിയത്. നിയന്ത്രണം നടപ്പാക്കിയാല്‍ ഇന്ന് സ്ലോട്ട് കിട്ടിയ പലര്‍ക്കും മടങ്ങിപ്പോകേണ്ടി വരുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവര്‍ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം പെട്ടെന്ന് ഏര്‍പ്പെടുത്തിയത്. പുതിയ തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരും പ്രതിഷേധം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നു കെ.ബി. ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version