Kerala
‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ തുടര്‍ച്ചായുള്ള മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചത്.
നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം. ആദ്യഘട്ടമായി ഇന്ന് മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് ഇന്ന് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.
ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി എന്ന് അവതാരക പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
അവതാരകയുടെ മറുപടിക്ക് പിന്നാലെ ‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. മൈക്കിലൂടെ പറഞ്ഞത് വേദിയിലുണ്ടായിരുന്നവരും കേട്ടു.
മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്‍റെ സമീപമെത്തി മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. ക്ഷോഭത്തോടെ പ്രതികരിച്ചശേഷം വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.
രാജ്യത്ത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളമെന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. എല്ലാവർക്കും സാമൂഹിക സുരക്ഷ ഉള്ള സ്ഥലം കേരളം. മതനിരപേക്ഷ ജനാധിപത്യത്തിൽ കേരളം ഒന്നാമതാണ്. ഒറ്റ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലമാണിത്.
ക്രമസമാധാന പാലനത്തില്‍ മികച്ച നില്‍ക്കുന്നതും കേരളമാണ്. രാജ്യത്ത് പലയിടങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്ന സംസ്ഥാനങ്ങൾ ഉണ്ട്. രാഷ്ട്രീയവും മതവും തമ്മിലുള്ള അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നു.