Kottayam

പൊലീസ് സഹകരണ സംഘത്തിൽ പൊലീസുകാരൻറെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ വായ്പയെടുത്തതായി പരാതി.

Posted on

ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ പൊലീസുകാരൻറെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ വായ്പയെടുത്തതായി പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിന്‍റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷാണ് സിജുവിൻറെ വ്യാജ ഒപ്പിട്ട് 2017ൽ 20 ലക്ഷം രൂപ വായ്പയെടുത്തത്. ഇയാൾക്കൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്പ അനുവദിക്കുന്നത്. ഇതിൽ മൂന്നാമത്തേതായി സിജുവിൻറെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ് പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ സാലറി സർട്ടിഫിക്കറ്റ് നൽകി. സഹകരണ സംഘം ഇതിൻറെ അടിസ്ഥാനത്തിൽ മതിയായ പരിശോധന നടത്താതെ വായ്പ അനുവദിച്ചു.

അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി എസ് പിക്ക് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. അക്കൗണ്ട്സ് ഓഫീസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്നും നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version