Kerala
കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
8 ന് ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. മാണി സി കാപ്പൻ എം എൽ എ പൂർവ്വ അധ്യാപകരെ ആദരിക്കും. ശതാബ്ദി സ്മാരക സ്റ്റാമ്പിൻ്റെ പ്രകാശനവും ഫിലാറ്റെലിക് ക്ലബ്ബിൻ്റെ ഉദ്ഘാടനവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിക്കും. പാലാ എ ഇ ഒ കെ ബി ശ്രീകല, മുനിസിപ്പൽ കൗൺസിലർമാരായ ജോസ് ജെ ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, പൂർവ്വ വിദ്യാർത്ഥികളായ ജോസി മാത്യു പൊരുന്നോലിൽ, ഓസ്റ്റിൻ ഈപ്പൻ അഞ്ചേരിൽ, ഡോ കെ ഇ ജോർജ്കുട്ടി കദളിക്കാട്ടിൽ,
മുൻ കൗൺസിലർ ആൻ്റണി മാളിയേക്കൽ, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ, എബി ജെ ജോസ്, നിതിൻ സി വടക്കൻ, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. തുടർന്നു സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും നടത്തും. ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ജോബിൻ എസ് തയ്യിൽ സംവീധാനം ചെയ്ത തിരികെ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു പ്രദർശിപ്പിക്കും. തുടർന്നു സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടിയായ ലൂമിനോസയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടക്കും. 8 ന് രാവിലെ 10 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവ്വ വിദ്യാർത്ഥിയായ ജസ്റ്റിൻ എഫ്രേം തയ്യാറാക്കിയ പെയിൻ്റിംഗ് ചിത്രങ്ങളുടെ എക്സിബിഷൻ നടക്കും. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ എബി ജെ ജോസ്, നിതിൻ സി വടക്കൻ, സ്കൂൾ ലീഡർ ജോസ് വിൻ സന്തോഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1924 ൽ തൊമ്മൻകുര്യൻ ചീരാംകുഴി കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് കവീക്കുന്ന് സ്കൂൾ. പിന്നീട് എൽ പി സ്കൂളായും 1968ൽ യു പി സ്കൂളായും ഉയർത്തപ്പെട്ടു. പാലാ രൂപതയുടെ കീഴിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാഭ്യാസ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ നാമധേയത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്.
ഒരു കാലത്ത് കവീക്കുന്ന്, കൊച്ചിപ്പാടി, മൂന്നാനി, ഇളംതോട്ടം മേഖലകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ വിദ്യയുടെ ആദ്യാക്ഷരങ്ങൾ പഠിച്ച് പതിറ്റാണ്ടുകളായി ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിച്ചു വരുന്നത്.