Kerala
ഭാരത് റൈസിന് ബദലായി ശബരി കെ റൈസ് രംഗത്ത്;തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ മലയാളിക്ക് അരികൊണ്ട് തുലാഭാരം
തിരുവനന്തപുരം: ഭാരത് അരിക്ക് പകരമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് അരി ഉടന്‍ എത്തും. പുതിയ ബ്രാന്‍ഡിന് ശബരി കെ റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയക്കിവരികയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും പത്തു കിലോ അരി വാങ്ങാമെന്നും ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി വ്യക്തമാക്കി. വില കുറവാണെന്നത് ഗുണമേന്മയെ ബാധിക്കില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കില്‍ ഭാരത് അരിയായി നല്‍കുന്നതെന്നും ജി.ആര്‍ അനില്‍ ആരോപിച്ചു. ഭാരത് അരി സിവില്‍ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്‌ക്കോ നല്‍കിയിരുന്നെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അത് ലഭ്യമാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും ജി.ആര്‍.അനില്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിലാണ്, സബ്‌സിഡി നിരക്കിൽ അരിയും മറ്റും വിപണികളിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ നീക്കത്തെ തെരഞ്ഞെടപ്പ് അടവായി കാണുമ്പോഴും, സാധാരണക്കാർ പദ്ധതി വലിയ ആശ്വാസമാണെന്നു വിപണികൾ വിലയിരുത്തുന്നു.
ഇന്നലെ നടന്ന ആർബിഐ ധനനയവും പണപ്പെരുപ്പം അടിവരയിടുന്നു. വരും നാളുകളിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പ സൂചികയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരും, ആർബിഐയും വിവിധ നപടികൾ സ്വീകരിച്ചു വരികയാണ്.
സമ്പദ്വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രവണതകൾ കണക്കിലെടുത്ത്, സാധാരണ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഓഫറുകളിൽ ഒന്നാണ് ഭാരത് അരി. ഭാരത് അരിയുടെ ചില്ലറ വിൽപ്പന ആരംഭിക്കാന്നതിനുള്ള നടപടികൾ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം നടത്തിവരുന്നു.
ആദ്യഘട്ടത്തിൽ, നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ 3 ഏജൻസികൾ മുഖേന ‘ഭാരത് റൈസ്’ ബ്രാൻഡിന് കീഴിൽ ചില്ലറ വിൽപ്പനയ്ക്കായി 5 എൽഎംടി അരി അനുവദിച്ചു. സീസണിൽ നല്ല വിളവുണ്ടായിട്ടും, എഫ്സിഐയിലും പൈപ്പ്ലൈനിലും ധാരാളം അരിയുള്ളപ്പോഴും, അരി കയറ്റുമതിയിൽ വിവിധ നിയന്ത്രണങ്ങൾ നിലനിന്നിട്ടും ആഭ്യന്തര വില ഉയരുന്ന സാഹചര്യമാണുള്ളത്.
കേന്ദ്രത്തിന്റെ മൂന്നു സഹകരണ ഏജൻസികൾ വഴിയാകും പദ്ധതി സാധാരണക്കാരിലേയ്ക്ക് എത്തുക. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ മൊബൈൽ വാനുകൾ, ഫിസിക്കൽ ഔട്ട്ലെറ്റുകൾ വഴി ഉൽപ്പന്നങ്ങൾ ലഭിക്കും. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മറ്റ് റീട്ടെയിൽ ശൃംഖലകളിലൂടെയും ഉടൻ പദ്ധതി വിപുലീകരിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രം ‘ഭാരത് ആട്ട’ എന്ന ബ്രാൻഡിൽ സബ്സിഡിയുള്ള ഗോതമ്പിന്റെ വിൽപ്പന സർക്കാർ ആരംഭിച്ചിരുന്നു. ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കാണ് വിൽപ്പന. ഗോതമ്പിന് പുറമെ, കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും, 25 രൂപയ്ക്ക് ഭാരത് ഉള്ളിയും കേന്ദ്രം നൽകുന്നുണ്ട്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി തന്നെയാണ് ഇവയുടെയും വിൽപ്പന. നിലവിൽ 800 ഓളം വാനുകൾ വഴിയും, 2,000 ഓളം ഔട്ട്ലെറ്റുകൾ വഴിയും ഇവയുടെ വിൽപ്പന നടക്കുന്നുവെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.