Kerala
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനപ്രതിനിധികളെ പരാജയപ്പെടുത്തണം:
കോട്ടയം: രാഷ്ട്രീയ കക്ഷികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ജനപ്രതിനിധികളായവർ കാലാവധി പൂർത്തിയാക്കാതെ മറ്റൊരു പദവിക്കായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ജനപ്രതിനിധികളായി പ്രവർത്തിക്കുന്നവർ കാലാവധി പൂർത്തിയാക്കാതെ മത്സരിക്കുന്നതിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികളായവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഒഴിയുന്ന സ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ചെലവും ഉദ്യോഗസ്ഥരുടെ സമയവും പാഴാക്കുന്നത് അംഗീകരിക്കാനാവില്ല.
ജപ്തി നടപടികളിൽ പോലും സർക്കാർ അയയ്ക്കുന്ന നോട്ടീസിൻ്റെ ചിലവ് വരെ കുടിശ്ശിഖകാരൻ്റെ പക്കൽ നിന്നും ഈടാക്കുമ്പോൾ കോടികൾ രാഷ്ട്രീയ കക്ഷികളുടെ താത്പര്യങ്ങൾക്കായി ദുർവ്യയം ചെയ്യുന്നതിന് ന്യായീകരണമില്ല. ഇത്തരം നടപടികൾ ഒരു രാഷ്ട്രീയകക്ഷിയും ഭൂഷണമല്ല. ഇതിനെതിരെ വ്യാപക പ്രചാരണം നടത്താൻ ഫൗണ്ടേഷൻ തീരുമാനിച്ചു.
ജനപ്രതിനിധികളായവർ മത്സരരംഗത്തു വന്നാൽ അവരുടെ പരാജയം ഉറപ്പുവരുത്താൻ ജനങ്ങൾ തയ്യാറാവണം. രാഷ്ട്രീയ പാർട്ടികൾ ഇത്തരം നടപടികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന പ്രമേയം അവതരിപ്പിച്ചു. സാംജി പഴേപറമ്പിൽ, ബിജു എബ്രാഹം, ജസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു.