Kerala
സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദ്ദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സിജിഎച്ച്‌എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10,000 രൂപ വരെ ചെലവാകുമ്പോള്‍, സ്വകാര്യ ആശുപത്രികളില്‍ 30,000 മുതല്‍ 1,40,000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരു മാസത്തിനകം വിജ്ഞാപനമിറക്കണം.
ചികിത്സാനിരക്ക് വിഷയത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നല്‍കി. പൗരന്റെ ഭരണഘടനാ അവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി നിലപാടെടുത്തു. ഏപ്രില്‍ ആറിന് വിഷയം വീണ്ടും പരിഗണിക്കും.