Kerala
അതൊക്കെ നിഷ്ക്കളങ്കമായി സുധാകരേട്ടൻ പറഞ്ഞതാ;ആരാണെങ്കിലും അങ്ങനെയേ പറയൂ:വി ഡി സതീശൻ
ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നിഷ്കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ മോശം പദപ്രയോഗത്തിലായിരുന്നു വി.ഡി.സതീശന്റെ വിശദീകരണം.
അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. താനും സുധാകരനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
“അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു. നിങ്ങൾക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽനിന്നു വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്ഥനാകില്ലേ?
കെ.സി.വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിനുശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണു വൈകിയത്, സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിൻ്റെ അപ്പുറത്ത് എന്താ ഉള്ളത്. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു.
നിങ്ങൾ വരുമ്പോൾ നിങ്ങളുടെ ക്യാമറാമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അവൻ എവിടെ പോയികിടക്കുവാ എന്ന്, അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യവാർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തെല്ലാം വാർത്തകളാണ് നൽകിയത്.ഇതൊന്നും സത്യാ ശാന്തമായ പത്രപ്രവർത്തനമല്ല എന്നും സതീശൻ പറഞ്ഞു .