Crime

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല നിക്ഷേപകൻ സ്വകാര്യ ബാങ്ക് മുതലാളിയെ പഞ്ഞിക്കിട്ടു;മർദ്ദനമേറ്റത് മാണി ഗ്രൂപ്പ് നേതാ വിന്

Posted on

 

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (മാണി )വിഭാഗം സംസ്ഥാന ട്രഷറർ എൻ.എം.രാജുവിനെ വീട് കയറി ആക്രമിച്ച്‌ നിക്ഷേപകൻ. രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പിൽ  ഫിനാന്‍സില്‍ ( നെടുമ്പറമ്പിൽ  ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ) നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകനും രണ്ട് മക്കളും രാജുവിൻ്റെ വീട്ടിക്കയറി മർദ്ദിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രാജുവിൻ്റെ സഹോദരി പുത്രനായ സാം ജോണ്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(എം) നേതാവിൻ്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച 15 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുളള വിരോധത്തിലാണ് വീടുകയറി സ്ത്രീകളെയടക്കം മർദ്ദിച്ചതായിട്ടാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ആയുധം ഉപയോഗിച്ച്‌ സാമിൻ്റെ മൂക്കിടിച്ച്‌ തകര്‍ത്തതായും പരാതിയിലുണ്ട്.

നെടുമ്പറമ്പിൽ ഫിനാന്‍സ് ഈ അടുത്ത കാലത്ത് സ്ഥാപനപ്പേര് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്നാക്കി മാറ്റിയിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന രാജു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി സീറ്റിനു വേണ്ടി  അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. റിയല്‍ എസ്റ്റേറ്റ്, വസ്ത്ര വ്യാപാരം, വാഹന വില്‍പ്പന തുടങ്ങിയ മേഖലകളി രാജു  വന്‍തുകകള്‍ ചിലവഴിച്ചിരുന്നു.കോട്ടയത്തെ വസ്ത്രം എന്ന പേരിലുള്ള തുണിക്കടയും രാജുവിന്റെ മകനാണ് നോക്കി നടത്തുന്നത്. ഇവിടെ നിന്നും പ്രതീക്ഷിക്കാത്തവരുമാനം ലഭിക്കാത്തതിനാലാണ് നെടുമ്പറമ്പിൽ  ഫിനാൻസിയേഴ്സ് തകർന്നതെന്നും ചിലർ ആരോപിക്കുന്നു.കോട്ടയത്തെ വസ്ത്രം എന്ന സ്ഥാപനത്തിന്റെ പരസ്യം ചെയ്ത വകയിൽ പല ഓൺലൈൻ പത്രങ്ങൾക്കും ഇവർ പണം കൊടുക്കുവാനുണ്ടെന്നു പറയുന്നു.ഇവരുടെ പരസ്യ ഹിൽഡിങ്‌സ് കേരളമാകെ സ്ഥാപിച്ച കമ്പനികൾക്കും ഇവർ പണം കൊടുത്തിട്ടില്ലെന്ന് സംസാരമുണ്ട്.

നെടുമ്പറമ്പിൽ ഫിനാൻസിയേഴ്സില്‍ പണം നിക്ഷേപിച്ച റെജിമോനേയും രണ്ട് മക്കളേയും പ്രതികളാക്കിയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ച്‌ മുറിവുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ഐപിസി 452, 323, 324, 326, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ

സാം ജോണിൻ്റെ പിതാവിൻ്റെ സഹോദരൻ രാജു നടത്തിവന്ന നെടുമ്പറമ്പിൽ ഫിനാൻസില്‍ രണ്ടാം പ്രതി നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള വിരോധത്തിലാണ് ആക്രമണം. രാജുവിനെയും മകൻ ആൻസനെയും ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ രാമൻചിറയിലുള്ള നെടുമ്പറമ്പിൽ വീട്ടില്‍  തിങ്കളാഴ്ച രാവിലെ പ്രതികള്‍ അതിക്രമിച്ച്‌ കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. രാജുവും ഭാര്യ മരിയയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും തടസം പിടിക്കാൻ ശ്രമിച്ചെങ്കിലും കയ്യിലിരുന്ന ഏതോ ആയുധം ഉപയോഗിച്ച്‌ മൂക്കിടിച്ച്‌ തകർക്കുകയായിരുന്നു. സാമിൻ്റെ മൂക്കിന് പൊട്ടലും കവിളില്‍ മുറിവും ഉണ്ടായിട്ടുണ്ട്. രാജുവിൻ്റെ മറ്റൊരു മകൻ അലനും ഭാര്യ പിൻസിയേയും അമ്മഗ്രേസിയേയും മർദ്ദിക്കുകയും ചെയ്തു.

രാജുവിനെ മർദ്ദിച്ച കൊല്ലം പുലമണ്‍ സ്വദേശി റെജിമോന്റെ ഭാര്യ റീന റെജിയും പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പലിശ നല്‍കാമെന്ന വാഗ്ദാനം നല്‍കി നെടുമ്പറമ്പിൽ ഫിനാന്‍സിയേഴ്‌സ് പണം കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുനക്. 2022 ജനുവരി 20ന് 15 ലക്ഷം രൂപ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പിൽ ഫിനാൻസിൽ  നിക്ഷേപിച്ചു. നാളിതുവരെ വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച പണമോ തിരികെ നല്‍കിയിട്ടില്ലെന്നാണ് പരാതി. വീട് കയറി ആക്രമിച്ചുവെന്ന് സാം പരാതി നല്‍കിയ ശേഷമാണ് പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ മലയാളിയുടെ 1.43 കോടിയുടെ നിക്ഷേപം മടക്കി നല്‍കിയില്ലെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്‌റ്റേഷനിലും എന്‍.എം.രാജുവിനെതിരെ പരാതിയുണ്ട്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ ജോര്‍ജ് ഫിലിപ്പ് കളരിക്കലാണ് ഫെബ്രുവരി 15ന് പരാതി നല്‍കിയിരിക്കുന്നത്. ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്ന് നിരവധി പരാതികള്‍ നെടുമ്പറമ്പിൽ ഫിനാൻസിയേഴ്സിനെതിരെ ഉയരുന്നുണ്ട്. സ്ഥാപനത്തിൻ്റെ ബ്രാഞ്ചുകളിലെത്തി നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ബാങ്കിലെ സ്റ്റാഫിന് തന്നെ ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസമായെന്നാണ് സ്റ്റാഫിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.സ്റ്റാഫുകളെ  വളരെ തന്മയത്വമായി ബ്രെയിൻ വാഷ് ചെയ്‌ത്‌ അവരുടെ തുക നിക്ഷേപങ്ങളായി സ്വീകരിക്കുകയും ,തിരിച്ചു ചോദിച്ചപ്പോൾ തുക നൽകാതിരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളും വരുന്നുണ്ട് .നിക്ഷേപങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ തന്നെ അടുത്ത ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് അറിവായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version