Kerala
യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
അയർക്കുന്നം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി രാജു (31) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 5.30 മണിയോടുകൂടി അയർക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ബിയര്‍ കുപ്പിയും ,ഹെല്‍മെറ്റും ഉപയോഗിച്ച് മർദ്ദിക്കുകയും, തുടർന്ന് അവശനായ യുവാവിനെ വലിച്ചിഴച്ച് വണ്ടിയിൽ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച് വീണ്ടും ഇല്ലിമുള, ഹെൽമെറ്റ്, കസേര തുടങ്ങിയ ഉപയോഗിച്ച് തുടര്‍ന്നും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രവീണിന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും, സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ മുഖ്യപ്രതിയായ ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾ മണർകാട്, കോട്ടയം ഈസ്റ്റ്, പാമ്പാടി, പാലാ, വൈക്കം, റാന്നി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എ.എസ്.ഐ മാരായ സാജു ടി ലൂക്കോസ്, പ്രദീപ് കുമാർ, സി.പി.ഓ മാരായ ബിങ്കർ, ജിജോ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.