Kerala
മദ്യപിച്ച് ബാറിൽനിന്ന് ഇറങ്ങിയ ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ കോൺക്രീറ്റ് സ്ലാബിന്റെ കഷ്ണം കൊണ്ട് തലയ്ക്കിടിയേറ്റ വയോധികൻ മരിച്ചു
ചാവക്കാട്: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടിപറമ്പിൽ നാസർ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടിൽ മുഹമ്മദി(40)നെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി എട്ടോടെ ചാവക്കാട് ടൗണിലെ ബാറിന് സമീപമാണ് സംഭവം. മദ്യപിച്ച് ബാറിൽനിന്ന് ഇറങ്ങിയ ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ മുഹമ്മദ് കൈയ്യിൽ കിട്ടിയ കോൺക്രീറ്റ് സ്ലാബിന്റെ കഷ്ണം കൊണ്ട് നാസറിന്റെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാസറിനെ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ നാസർ മരിച്ചു.ജുമൈലയാണ് നാസറിൻ്റെ ഭാര്യ. മക്കൾ: നഹാസ്, നസീജ, ഷമീറ, നസീറ, ഷാനവാസ്, ഷാഹിന, ഷാഹിർ. മരുമക്കൾ: റിയാസ്, അർഷാദ്, സുൽത്താൻ.