Kottayam
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്പ് വീട്ടിൽ അർജുൻബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടിൽ ജയശങ്കർ (22), തലയാഴം ആലത്തൂർ ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ സേതുകൃഷ്ണൻ (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് തലയാഴം സ്വദേശിയായ യുവാവിനെ കഴിഞ്ഞമാസം 29 ആം തീയതി രാത്രി 10 മണിയോടുകൂടി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കൊതവറ ശ്രീകുരുബക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ടിനിടയിൽ ഇവർ ഗ്രൗണ്ടിൽ ബഹളം വച്ചതിനെ തുടർന്ന് കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് ഇവരെ സ്ഥലത്തു നിന്നും പറഞ്ഞു വിട്ടതിലുള്ള വിരോധം മൂലം നാടൻപാട്ട് കേട്ട് കഴിഞ്ഞ് വെളിയിൽ ഇറങ്ങിയ കമ്മറ്റിക്കാരനായ യുവാവിന്റെ സുഹൃത്തിനെ കൊതവറ എം.സി മുക്ക് ഭാഗത്ത് വച്ച് യുവാക്കൾ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച കമ്മറ്റിക്കാരനായ യുവാവിനെ ഇവർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും, ഇവരുടെ കയ്യിലിരുന്ന വടികൊണ്ട് യുവാവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കിഷോർ, അഭിജിത്ത് എം.എസ്, ബിനിൽ, വിഷ്ണു ,അമൽ റ്റി.എം എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ ഇവർ കൂടി പോലീസിന്റെ പിടിയിലാവുന്നത്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ദ്വിജേഷ്, എസ്.ഐ മാരായ പ്രദീപ്.എം, വിജയപ്രസാദ്, സി.പി.ഓമാരായ ജാക്സൺ,പ്രവീണോ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. അർജുൻബിനു, സേതുകൃഷ്ണൻ എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.